ന്യൂഡൽഹി: ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നതോടെ ആംആദ്മി പാർട്ടിക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ്.
പഞ്ചാബിൽ കേവലം 6.6 ശതമാനം വോട്ട് മാത്രമുള്ള ബിജെപി ആംആദ്മി പാർട്ടിയിലെ ഏഴ് എംപിമാരെ കൂറുമാറ്റത്തിലൂടെ സ്വന്തമാക്കി സംസ്ഥാനത്തെ 86 ശതമാനം രാജ്യസഭാ പ്രതിനിധ്യവും കൈക്കലാക്കിയതായി കോണ്ഗ്രസ് ആരോപിച്ചു.
പഞ്ചാബിലെ രാജ്യസഭാ സീറ്റുകൾ കേന്ദ്രീകരിച്ച് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ "ഫിക്സഡ് മാച്ച്’ കളിക്കുകയാണെന്ന് കോണ്ഗ്രസ് ദേശീയ ട്രഷറർ അജയ് മാക്കൻ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ ജനവികാരത്തിനു വിരുദ്ധമായ ഇത്തരം നീക്കങ്ങൾ വിഘടനവാദശക്തികൾക്ക് വളംവച്ചുകൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആംആദ്മി പാർട്ടി ശതകോടീശ്വരന്മാരുടേതാണെന്ന് ആരോപിച്ച കോണ്ഗ്രസ്, ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരുടെ ശരാശരി ആസ്തി 818 കോടി രൂപയിലധികമാണെന്ന് ചൂണ്ടിക്കാട്ടി.
പ്രശാന്ത് ഭൂഷണ്, കുമാർ വിശ്വാസ് തുടങ്ങിയ ആദ്യകാല പ്രവർത്തകരെ തഴഞ്ഞ് പണം വാങ്ങി ബിസിനസുകാർക്ക് ആംആദ്മി സീറ്റ് നൽകിയെന്നും അജയ് മാക്കൻ കുറ്റപ്പെടുത്തി.